മഹാത്മജിയുടെ കുമാരനല്ലൂർ ദർശനം

Posted by On 14/08/2022
മഹാത്മജിയുടെ കുമാരനല്ലൂർ ദർശനം

ക്ഷേത്രപ്രവേശന വിളംബരത്തെ തുടർന്ന്, വിശ്വാസികളായ എല്ലാ വിഭാഗം ഹൈന്ദവർക്കും ആദ്യമായി തുറന്നുകൊടുത്ത കു മാരനല്ലൂർ ദേവീ ക്ഷേത്രത്തിൽ മഹാത്മജി ദർശനത്തിനെത്തിയത് ചരിത്രത്തിലെ തിളക്കമേറിയ മുഹൂർത്തം 1936-ൽ ആയിരുന്നു ഇന്ത്യയാകെ ശ്രദ്ധിക്കപ്പെട്ട തിരുവിതാംകൂർ ക്ഷേത്രപ്രവേശന വി ളംബരം. 1937 ജനുവരി 19-നായിരുന്നു ഗാന്ധിജിയുടെ കുമാരനലൂർ ദേവീദർശനം.

ഗാന്ധിജി ക്ഷേത്രനടയിലെത്തുമ്പോൾ പിന്നാക്ക, മുന്നോക്ക ഭേദമില്ലാതെ നൂറുകണക്കിന് ഭക്തരാണ് വരവേറ്റത്. ഖദർ മുണ്ട് ഉടുത്ത് ഷാൾ ധരിച്ച് മന്നത്ത് പദ്മനാഭനും, മൻമൽ മുണ്ടും കസവു വേഷ്ടിയും അണിഞ്ഞ് ശ്രീമൂലം പ്രജാസഭാ മെമ്പറും ദേവസ്വം ഭരണാധികാരിയും ആയിരുന്ന സി.എൻ.തുപ്പൻ നമ്പൂതിരിയും ചേർന്ന് ഗാന്ധിജിയെ സ്വീകരിച്ച് ദേവീ സന്നിധിയിലേക്ക് ആനയിച്ചു.

“മഹാത്മജി തിരുനടയിൽ 15 മിനിറ്റ് കൈകുപ്പി ദേവീവിഗ്രഹത്തിൽ മിഴിനട്ടു നിന്നു. ഈ സമയം ആ കണ്ണിൽനിന്ന് ധാര ധാരയായി ജലം ഒഴുകുന്നതു കാണാമായിരുന്നു. ഗാന്ധിജി തിരുനടയിൽ കുമ്പിട്ടു നമസ്കരിച്ചു. മഹാജിയുടെ ദേവി ദർശനവേളയിലെ വികാരഭേദങ്ങൾ കണ്ട് ഭക്തർ അദ്ഭുതപ്പെടുക തന്നെ ചെയ്തു. "ഗാന്ധിജിയുടെ ദേവീ ദർശന സമയത്തെ വികാരഭേദങ്ങൾ പിന്നീട് കുമാരനല്ലൂർ ക്ഷേത്ര ചരിത്ര സംഗ്രഹത്തിൽ സി .എൻ.തുപ്പൻ നമ്പൂതിരി ഇങ്ങ നെയാണ് വിവരിച്ചിട്ടുള്ളത്. ദർ ശനത്തിനു ശേഷം ക്ഷേത്രത്തിന് മുൻവശം മഹായോഗത്തിലും ഗാന്ധിജി പ്രസംഗിച്ചു.

മഹാരാജാവിന്റെ വിളംബരം കൊണ്ട് പിന്നാക്കക്കാർക്ക് ലഭിച്ച സ്വാതന്ത്ര്യത്തെപ്പറ്റി ഗാന്ധിജി എടുത്തുപറഞ്ഞു. തിരുവിതാംകൂറിലെ 24 ക്ഷേത്രങ്ങൾ താൻ സന്ദർശിക്കുകയുണ്ടായി. അതിലൊന്നാണ് കുമാരനല്ലൂർ. എന്നാൽ ഈ ക്ഷേത്രത്തിൽ മാത്രം വന്നില്ലായിരുന്നു എങ്കിൽ തന്റെ ജന്മം നിഷ്ഫലമായേനെ എന്ന് ഗാന്ധിജി പറഞ്ഞു. ഇതിന് തന്നെ പ്രേരിപ്പിച്ച മഹാരാജാവിനെ അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

ഗാന്ധിജിയുടെ സന്ദർശനവേളയിൽ ക്ഷേത്രത്തിന് മുൻവശത്തുള്ള ദേവസ്വം കൊട്ടാരത്തിലെ മുറിയിൽ ആണ് വിശ്രമിച്ചത്. കുമാരനല്ലൂർ ഊരാണ്മ ദേവസ്വം ആ മുറിയുടെ മുൻവശത്ത് ഗാന്ധിജിയുടെ ഛായാചിത്രം വിവരം രേഖപ്പെടുത്തി, സ്മാരകം പോലെ സംരക്ഷിക്കുന്നു.


Credits: Mathrubhoomi